രോഗശയ്യയിലെ പ്രണയിനി…
രോഗബാധിതയായ പ്രണയിനി,യവൾ
ക്ഷീണിത ശയ്യാവലംബിയായ് കാണേ,
അല്പനാഴികനേരമിനിയുമാകരം പിടിച്ചിരി-
ക്കുവാൻ പിന്നേയുമാശിക്കുന്നവനുൾത്തടം!
ക്ഷീണിതയാണവളെങ്കിലും
മിഴികൾ തിളങ്ങുന്നു,
അമവാസിരാത്രിയിൽ തിരി തെളിച്ചെത്തും
മിന്നാമിനുങ്ങ് പോൽ!
ഹേ സഖീ,നീയവൻ വിളക്ക് മാടം!
ക്ഷണികമാമീയാഴിയിൽ
തുഴയാഴ്ത്തുവാനവന്
തുണയേകുന്ന പ്രണയസൗധം!!
വിടപറയും നേരം
കൈത്തലമുയർത്തിയവൾ മെല്ലെ,
മെല്ലെ വിടർത്തി മാനസം,
വിടചൊല്ലുന്നവനോട് നിറവേദനയോടെ!!
അറിയണം നീയവളുടെ ജീവിതചുറ്റുവട്ടങ്ങൾ,
അറിയണം ആ ജീവിത സമരസപ്പെടലുകൾ!
അതിജീവനാഭ്യാസങ്ങൾ!
കടുംകെട്ടായി തുടരുന്ന ബന്ധങ്ങളും !
സ്നേഹം വിടർത്തുന്ന പൂക്കളാവുക നിങ്ങൾ,
ആർദ്രതയേകുന്ന കാഴ്ചയാവുക!
കണ്ണീരൊപ്പുവാൻ പരസ്പരം മത്സരിക്കും കൂട്ടരാവുക!
വിടർന്നകലാതെയെന്നും തുടരുന്ന ജന്മങ്ങളാവുക!
ഓരോ മിടിപ്പുമങ്ങനെ ഹിതാനുസൃതമന്യോന്യമേറ്റുവാങ്ങുക!!